ജീവിതത്തിന്‌ പരമമായ ലക്ഷ്യം
ഈ ലോകത്ത്‌ ഒരുപാട്‌ ജന്തുവർഗങ്ങളും പക്ഷി മൃഗാധികളുമുണ്ട്‌, അവയൊക്കെ മനുഷ്യരെപ്പോലെ ജനിക്കുന്നു, വളരുന്നു, തിന്നുന്നു, കുടിക്കുന്നു, സുഖിക്കുന്നു, കുറച്ചു കാലം ജീവിക്കുന്നു, മരിക്കുന്നു. ഇവിടെ മനുഷ്യന്‌ മാത്രമായി എന്തെങ്കിലും പ്രത്യേകതകളോ ലക്ഷ്യമോ ഉണ്ടോ?

മറ്റു ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമായി വിശേഷ ബുദ്ധിയും വിവേകവും പുരോഗമന ചിന്താഗതിയും മനുഷ്യനുണ്ട്‌.
ഇന്നലേകളിൽ നിന്നു എത്രയോ വ്യത്യസ്തമാണ്‌ മനുഷ്യന്റെ ഇന്നത്തെ ജീവിത നിലവാരം. ഈയൊരു മാറ്റം മറ്റു ജീവ ജാലങ്ങളിൽ കാണാൻ കഴിയുന്നില്ല.
തന്നേക്കാൾ ശക്തിയും കഴിവുമുളള ജീവികളെ പോലും മനുഷ്യൻ തന്റെ ബുദ്ധിയും അറിവുമുപയോഗിച്ച്‌ കീഴ്പ്പെടുത്തുകയും അവയുടെ മേൽ ആധിപത്യം നേടുകയും ചെയ്യുന്നു.
ലോകത്തുളള സകല വസ്തുക്കളും മനുഷ്യന്‌ ഏതെങ്കിലും ഒരു വിധത്തിൽ ഉപകാര പ്രദമാണെന്ന്‌ നാമറിഞ്ഞ്‌ കൊണ്ടിരിക്കുന്നു.
ഭൂമിയുടെ ഘടനയും അതിലെ ആന്തരിക നിയമങ്ങളും സംവിധാനിക്കപ്പെട്ടിരിക്കുന്നത്‌ മനുഷ്യന്റെ ഭൂമിയിലുളള നിലനിൽപ്പിനെ തീർത്തും അനുകൂലിക്കുന്ന വിധമാണ്‌.
ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മറ്റു ജീവിവർഗ്ഗങ്ങളെപ്പോല ഭക്ഷിക്കുക, ഇണ ചേരുക, കുറച്ച്‌ കാലം ജീവിക്കുക, മരിച്ച്‌ പോവുക എന്നതിനപ്പുറം മനുഷ്യന്‌ എന്തോ ചില പ്രത്യേകതകളും ലക്ഷ്യങ്ങളുമുണ്ട്‌ എന്ന്‌ തന്നെയാണ്‌.

ദൈവവിശ്വാസം
നമ്മുടെ സമകാലിക സാഹചര്യത്തിൽ ദൈവ നിഷേധവും മത നിഷേധവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. ഈ ലോകത്തിന്‌ ദൈവമുണ്ടോ എന്ന ഒരു യുക്തിവാദിയുടെ ചോദ്യത്തിന്‌ താങ്കളുടെ ഉത്തരമെന്തായിരിക്കും?

വളരെ ചെറിയ കാര്യങ്ങൾക്ക്‌ പോലും നിർമാതാവിനെയും പരിപാലകനേയും അന്വേഷിക്കുന്ന മനുഷ്യന്‌ പക്ഷേ, അവന്റെ മുമ്പിൽ പ്രസരിച്ച്‌ നിൽക്കുന്ന വിശാലമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചും അതിന്റെ വ്യവസ്ഥാപിതമായ നിയന്ത്രണത്തെ കുറിച്ചും വളരെ ലഘുവായ നിലപാടാണുളളത്‌. ഒന്നുകിൽ അത്‌ സ്വയംഭൂവാണെന്നും യാദൃച്ഛികമാണെന്നും പറയുന്നു. അല്ലെങ്കിൽ അതിന്റെ സൃഷ്ടിപ്പും നിയന്ത്രണവും വലിയൊരു കാര്യമല്ലെന്ന മട്ടിൽ അതിനെ കുറിച്ചുളള ചിന്തകൾ അപ്രധാനമായി കരുതുന്നു.

ജീവിതത്തിന്‌ ചില ലക്ഷ്യങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു വിഷയത്തിൽ നിന്ന്‌ ഒളിച്ചോടുന്നത്‌ ഭൂഷണമല്ല.നമുക്ക്‌ ചുറ്റുമുളള പ്രകൃതി പ്രതിഭാസങ്ങൾ-ഭൂമി, ആകാശം, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവയെല്ലാം എന്ത്മാത്രം കൃത്യനിഷ്ഠയോടെയും അനുസരണയോടെയുമാണ്‌ അവയുടെ ധർമങ്ങൾ നിർവഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവക്കിടയിൽ പരസ്പര പൊരുത്തവും കൃത്യമായ ആസൂത്രണവും നാം കാണുന്നു. നമ്മുടെ ജീവിതത്തെ പൂർണമായോ ഭാഗികമായോ സ്വാധീനിക്കാൻ അവക്ക്‌ കഴിവുളളതായി നാം മനസ്സിലാക്കുന്നു. ഇവയെല്ലാം സ്വയംഭൂവാണെന്നും ഇവക്കിടയിലെ കൃത്യതയും നിയന്ത്രണവും കേവലം യാദൃച്ഛികം മാത്രമാണെന്നും വിലയിരുത്താൻ നമുക്കെങ്ങനെ കഴിയും?

പ്രപഞ്ചവും സർവ്വ വസ്തുക്കളും ഒരു മൂലപദാർത്ഥത്തിൽ നിന്ന്‌ പരിണമിച്ചുണ്ടായതെന്ന്‌ വാദിക്കുന്ന തത്വശാസ്ത്രവും പരിണാമവാദവും ആദി പദാർത്ഥവും ആദ്യ ജീവകോശവും എങ്ങനെയുണ്ടായി എന്ന്‌ വിശദീകരിക്കുന്നില്ല. നിർജീവ പദാർത്ഥത്തിൽ നിന്ന്‌ ജീവനും ചിന്തയും വികാരവുമുളള വസ്തുക്കളുണ്ടായി എന്ന അവരുടെ വാദം ആധുനിക ജീവശാസ്ത്രം തന്നെ തളളിക്കളയുകയുണ്ടായി. പ്രപഞ്ചത്തെ ചൂഴ്‌ന്ന്‌ നിൽക്കുന്ന ഭൗതിക-രാസ-ജൈവ നിയമങ്ങളും മറ്റു ശാക്തിക ഘടകങ്ങളും ഭൂമിയിൽ ജീവന്റെ നിലനിൽപ്‌ സാധൂകരിക്കാനെന്നോണം വളരെ കൃത്യമായ അളവിലാണ്‌ സംവിധാനിക്കപ്പെട്ടിരിക്കുന്നത്‌ എന്ന പുതിയ കണ്ടെത്തൽ പ്രപഞ്ചത്തിന്റെ ഉൽഭവവും അതിലെ സങ്കീർണതകളും കേവലം യാദൃച്ഛികം മാത്രമാണെന്ന വാദത്തെ തീർത്തും നിഷേധിക്കുന്നതാണ്‌.

ഏകദൈവവിശ്വാസം

ഒരുപാട്‌ ഈശ്വരൻമാരും ഈശ്വരിമാരുമുളള നമ്മുടെ നാട്ടിൽ ഏകദൈവവിശ്വാസത്തിന്‌ എത്രമാത്രം പ്രസക്തിയുണ്ട്‌?
ഭൂമിയിൽ ഏറ്റവും ആദ്യം ഉടലെടുത്ത ദൈവവിശ്വാസരീതി ഏകദൈവവിശ്വാസമായിരുന്നു. ബഹുദൈവവിശ്വാസത്തിൽ നിന്നും ഏകദൈവവിശ്വാസമുണ്ടായി എന്ന വാദം ചരിത്രപരമായി തെളിയിക്കാൻ സാധിക്കാത്തത്താണ്‌. തുടക്കത്തിൽ ഏകദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന മനുഷ്യകുടുംബം കാലക്രമത്തിൽ വളർന്ന്‌ പന്തലിച്ച്‌ വ്യത്യസ്ത വിഭാഗങ്ങളായിത്തീരുകയും ഓരോരുത്തരും തങ്ങൾക്കിഷ്ടപ്പെട്ട കുലദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തുവേന്നതാണ്‌ ബഹുദൈവവിശ്വാസത്തിന്റെ ഉത്ഭവ കാരണമായി കരുതപ്പെടുന്നത്‌.
ലോകത്തിലെ എല്ലാ പ്രബല മതങ്ങളും മതഗ്രന്ഥങ്ങളും പ്രചരിപ്പിച്ചതു ഏകദൈവത്തിലധിഷ്ഠിതമായ സന്ദേശങ്ങളായിരുന്നു. ധർമസംസ്ഥാപനത്തിന്‌ വേണ്ടി ഭൂമിയിലേക്ക്‌ വന്ന ആദികാല പ്രവാചകൻമാരുടെയും വിശുദ്ധപുരുഷൻമാരുടെയും ദൗത്യം ബഹുദൈവവിശ്വാസത്തിലേക്ക്‌ വ്യതിചലിച്ച സമൂഹത്തെ ഏകദൈവവിശ്വാസത്തിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌വരിക എന്നതായിരുന്നു.
നമ്മുടെ ഐഹികമായ പല ചെറിയ കാര്യങ്ങളിലും അവയുടെ തലപ്പത്ത്‌ ഒരേ അധികാരമുളള ഒന്നിലധികം ആളുകളുകളുണ്ടാവുന്നത്‌ അതിന്റെ വ്യവസ്ഥാപിതമായ നിയന്ത്രണത്തിനും പൂർണ വിജയത്തിനും വിഘാതമാണെന്ന്‌ നാമെല്ലാവരും മനസ്സിലാക്കുന്നു. അങ്ങനെ വരുമ്പോൾ പരന്ന്‌ പ്രസരിച്ച്‌ കിടക്കുന്ന ഈ മഹാ പ്രപഞ്ചത്തിന്റെ നിയന്ത്രണവും മേൽനോട്ടവും ഒന്നിലധികം ദൈവങ്ങൾ ചേർന്ന്‌ നിർവഹിക്കുന്നുവേന്നത്‌ എങ്ങനെ ന്യായീകരിക്കാനാവും?
സാക്ഷാൽ ദൈവത്തിന്‌ പങ്കാളികളായി മറ്റു ദൈവങ്ങളുണ്ടാവുക എന്നത്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനേയും അതിന്റെ നിയന്ത്രണത്തേയും ബാധിക്കുന്ന പ്രശ്നമാണ്‌. അവിടെ ദൈവങ്ങൾക്കിടയിൽ അധികാര വിനിയോഗ പ്രശ്നങ്ങളും അത്‌ വഴി അരാജകത്വവുമുണ്ടാവും. അത്‌ ലോകത്തെ നാശത്തിലേക്ക്‌ നയിക്കും. അത്‌ പോലെ ഒന്നിലധികം ദൈവങ്ങൾ ഉണ്ടാവുമ്പോൾ അവിടെ ഒരു ദൈവത്തിന്‌ മറ്റു ദൈവത്തെ അതിജയിക്കാൻ കഴിയില്ലെന്ന്‌ വരും. ഇനി ഒരു ദൈവം മറ്റൊരു ദൈവത്തെ അതിജയിക്കുകയാണെങ്കിൽ അതിജയിക്കപ്പെടുന്നവൻ ദൈവമല്ലെന്ന്‌ വരുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ ദൈവം ഏകൻ മാത്രയിരിക്കണമെന്നാണ്‌.